Categories
News

തുണിയുടുക്കാതെ മത്തിക്കറിയും ബീഫ് ഉലത്തും ബ്ലോഗുന്നവരുടെയും നാട്ടില്‍: നടി ആനി വെറുപ്പ് സമ്പാദിക്കുന്നത് എങ്ങനെ? അഞ്ജു പാര്‍വ്വതി പ്രഭീഷിന്റെ ലേഖനം വിലയിരുത്തൽ

ഈ മാധ്യമം അടക്കം പലരും ആനി ആതിഥേയം വഹിക്കുന്ന ‘ആനീസ് കിച്ചണ്‍’ എന്ന പരിപാടിയെ കുറിച്ച് പൊതുജനത്തിനുള്ള അഭിപ്രായ ഭിന്നതയും അത് വെളിച്ചം കണ്ട നവ്യാനായര്‍ അതിഥിയായ എപ്പിസോഡിലെ പ്രസക്ത ഭാഗങ്ങളും വൈറലായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ നിന്ന് ആനിയെ മോചിപ്പിച്ച് സ്ത്രീശാക്തീകരണത്തിന്റെ രൂപക്കൂട്ടില്‍ ഇരുത്തി നൊവേന ചൊല്ലാന്‍ കുറിപ്പ് ഇറക്കിയിരിക്കുകയാണ് അഞ്ജു പാര്‍വ്വതി പ്രഭീഷ്‌. പക്ഷെ എന്തു ചെയ്യാം. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണ് ഈ അടുത്ത കാലത്തായി നടി ആനിയുടെ അവസ്ഥ. ഈ ലേഖനം നമുക്ക് ഒന്ന് പരിശോധിക്കാം.

ആദ്യം തന്നെ പറയട്ടെ. മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഒരു ലോക്ക്ഡൗണ്‍ റിയാക്ഷനോ വേണമെന്ന് വെച്ച് ആനിയെ തേജോവധം ചെയ്യാന്‍ ഉള്ളതോ ആയിരുന്നില്ല. അതിന്റെ ആവശ്യവും ആര്‍ക്കും ഇല്ല. പ്രേക്ഷകര്‍ക്ക് ആനിയോട് ഉള്ള മനോഭാവം അറിയാന്‍ വലിയ റിസര്‍ച്ച് ഒന്നും ആവശ്യമില്ല. ‘ആനീസ് കിച്ചണി’ലെ മിക്ക എപ്പിസോഡുകളുടെയും (നവ്യ നായര്‍ വന്നതിന് മുമ്പും ശേഷവും) കമെന്റ് ബോക്സ് മാത്രം ഒന്ന് പരിശോധിച്ചാല്‍ മതി. അത് സംബന്ധിച്ച് ഒരു ലേഖനവും സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു.

തുടക്കത്തില്‍ തന്നെ വാദം പൊളിഞ്ഞു. ലേഖനത്തില്‍ ആനിയുടെയും നവ്യാ നായരുടെയും ആ വീഡിയോ പ്രചാരണത്തെ ലേഖിക (പേര് ആവര്‍ത്തിച്ച് പബ്ലിസിറ്റി കൊടുക്കാന്‍ മാത്രമൊന്നും ഗംഭീരമല്ല ലേഖനമെന്ന് വഴിയേ മനസ്സിലാകും) വിശേഷിപ്പിക്കുന്നത് ‘അടുക്കളവിപ്ലവം’ എന്നാണ്. സ്ത്രീകളുടെ വിപ്ലവം സമം അടുക്കളവിപ്ലവം എന്ന ഇക്ക്വേഷനൊക്കെ കളം വിട്ടിട്ട് നാളുകളായത് നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേ? പിന്നെ പാചകം അടുക്കളയില്‍ ആയതുകൊണ്ടാണ് ഈ പദപ്രയോഗമെങ്കില്‍ അത് നിങ്ങള്‍ വീഡിയോ മുഴുവന്‍ കാണാത്തതുകൊണ്ടാണ്. സ്ത്രീകള്‍ പല മേഖലകളിലും കടന്നു വരികയാണ്. ആ സാഹചര്യത്തില്‍ പാചകം സ്ത്രീയുടെ ജോലി ആകുന്നത് എങ്ങനെ എന്ന ചോദ്യത്തെ അടുക്കളയില്‍ കെട്ടി ഇടുന്നത് എങ്ങനെയാണ്?

പിന്നെ ‘ആനിയെന്ന വീട്ടമ്മയെ … മൊത്തത്തിലങ്ങോട്ട് ഉടച്ചുവാർത്ത് ഇന്നിന്റെ പുരോഗമനവാദത്തിന്റെയും നവോത്ഥാനത്തിന്റെയും നേർരൂപമായി മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയവുമായാണ്.’ എന്ന പരിഹാസം. അങ്ങനെ ഉടച്ചു വാര്‍ക്കുന്നതില്‍ എന്താണ് സഹോദരീ പ്രശ്നം? താങ്കള്‍ പ്രതിപാദിച്ച ആ ഇന്നിന്റെ മാറ്റം നിങ്ങളെയും സഹായിച്ചിട്ടില്ലേ? നിങ്ങള്‍ക്ക് ഒരു ലേഖനം എഴുതി ഒരു പ്രശസ്ത മാധ്യമത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് ആ മാറ്റം ഉള്ളതുകൊണ്ടല്ലേ? അല്ലെങ്കില്‍ നിങ്ങളും പാത്രങ്ങളിലെ കരി തേച്ച് വൃത്തിയാക്കുമ്പോഴും മനസ്സില്‍ അടക്കിയിരിക്കുന്ന വികാരങ്ങളും വിചാരങ്ങളും പുറത്തെടുക്കുന്ന പരദൂഷണവേദികളിലും അല്ലേ ഇത് പറയാന്‍ കഴിയുമായിരുന്നുള്ളു. അതുകൊണ്ട് ഇരിക്കുന്ന മരച്ചില്ല വെട്ടി മാറ്റാന്‍ നോക്കരുത്. നിലത്ത് വീഴുകയേ ഉള്ളു.

പിന്നെ ലേഖിക പറയുന്നത് ആനി ഇന്നോ ഇന്നലെയോ പൊട്ടി മുളച്ചതല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ മികച്ച സിനിമാ നടി ആയിരുന്നുവെന്നാണെന്ന്. അതല്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ? വന്ന വാര്‍ത്താക്കുറിപ്പുകളിലും ലേഖനങ്ങളിലുമൊക്കെ ആനിയുടെ കലാജീവിതത്തെ കുറിച്ച് വിശദീകരിച്ച് തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ ഒന്നും ആര്‍ക്കും ഒരു അഭിപ്രായവ്യത്യാസവും ഇല്ല. അവര്‍ നല്ല അഭിനേത്രി തന്നെ ആയിരുന്നു. അതുകൊണ്ട്? അവര്‍ പറയുന്നതെല്ലാം മറ്റുള്ളവര്‍ ഒന്നും ഉരിയാടാതെ കേട്ടുകൊണ്ട് ഇരിക്കണോ? ഇനി ഓസ്ക്കര്‍ കിട്ടിയ നടിയാണെങ്കിലും കുറ്റം കണ്ടാല്‍ ഞങ്ങള്‍ പറയും. അതിന് ബലമുള്ള നാവ് ഞങ്ങള്‍ക്ക് ഉണ്ട്.

പിന്നെ പറയുന്നത് ‘എന്നു മുതലാണ് ആനിയുടെ സ്വഭാവരീതിയെ വിമർശനാത്മകമായി സോഷ്യൽ മീഡിയ വിലയിരുത്തിതുടങ്ങിയത് എന്നതിൽ തുടങ്ങി എന്തുകൊണ്ട് ആനിയെന്ന വീട്ടമ്മയായ നടി സ്ത്രീപക്ഷവാദികളുടെ കണ്ണിലെ കരടാവുന്നു എന്നത് വരെയുള്ള കാര്യങ്ങൾക്കുപിന്നിൽ വ്യക്തമായൊരു റൂട്ട്മാപ്പും ഒരുകൂട്ടം ആളുകളുടെ പ്ലാനിങ്ങും അജണ്ടയുമുണ്ട്.’ എന്നാണ്. നിങ്ങള്‍ എന്താണ് വിചാരിച്ചു വെച്ചിരിക്കുന്നത്? ആനി ആണ് മലയാളികളുടെ, സ്ത്രീകളുടെ പ്രധാന ചര്‍ച്ചാവിഷയമെന്നോ? വെല്ലുവിളിയെന്നോ? നമ്മുടെ മനസ്സില്‍ എപ്പോഴും വാരത്തില്‍ രണ്ടു തവണ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു അഭിമുഖമാണ് ഉള്ളതെന്നോ? അതാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്നോ? അവര്‍ക്ക് എതിരെ പ്ലാന്ഡ് അജണ്ട നടത്താന്‍ മാത്രം വേറെ ഒന്നും ചെയ്യാത്ത മനുഷ്യരല്ല, മാഡം, ഞങ്ങള്‍. നിങ്ങളുടെ കണ്ണിലെ ‘നല്ല വീട്ടമ്മമാര്‍’ അങ്ങനെ ആയിരിക്കാം. ആ തിമിരമൊക്കെ ഞങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് എപ്പോഴേ ഓപ്പറേറ്റ് ചെയ്ത് മാറ്റി. ലോകത്തിന്റെ അച്ചുതണ്ട് ഒരു വ്യക്തിയാണെന്ന് ചിന്തിക്കുന്നതിന്റെ പ്രശ്നമാണിത്. ഇന്നത്തെ പുരോഗമനവാദികളുടെ ജീവിതലക്ഷ്യം നിങ്ങള്‍ വിചാരിക്കുന്ന പോലെ ആനിയെ തകര്‍ക്കുക എന്നതല്ല.

പിന്നെ ആനിയുടെ അതിഥികളായി വന്നവര്‍ക്കാര്‍ക്കും ഒരു പ്രശ്നവുമില്ലെന്ന്. അതും നിങ്ങള്‍ അവരുടെ പരിപാടികള്‍ പൂര്‍ണ്ണമായി കാണാത്തതുകൊണ്ടാണ്. ന്യായീകരണമൊക്കെ കഴിഞ്ഞ് സമയം കിട്ടിയാല്‍ ഒന്ന് മറ്റ് അഭിമുഖങ്ങള്‍ ഫാസ്റ്റ്ഫോര്‍വേര്‍ഡ് ചെയ്ത് എങ്കിലും കണ്ടു നോക്കണം. ഞങ്ങള്‍ക്ക് ആനിയെ ആക്രമിക്കാനുള്ള പ്ലാന്ഡ് അജണ്ട ഒന്നും ഇല്ലാത്തതുകൊണ്ട് എല്ലാ ഉദാഹരണങ്ങളും എണ്ണി എണ്ണി പറയാന്‍ സമയമില്ല.

പിന്നെ ഞങ്ങള്‍ക്കൊക്കെ തന്ന ഒരു ലേബല്‍. ‘ചില സ്വയം പ്രഖ്യാപിത ആക്ടിവിസ്സുകള്‍’. അതങ്ങ് സുഖിച്ചു കേട്ടോ.. ഇതുപോലെ ഉള്ളവര്‍ വരുമ്പോള്‍ ഇങ്ങനെ ഉള്ള ലേബല്‍ ഉള്ളവര്‍ വേണ്ടി വരും ; സാമൂഹിക ബോധ്യം ഒന്ന് ബാലന്‍സ് ചെയ്യാന്‍. ലേബലിന്റെ ഉദ്ദേശം പരിഹസിക്കാന്‍ ആയിരുന്നെങ്കിലും വിപരീത എഫക്റ്റാണ് വന്നത്. സാരമില്ല. ചിലപ്പോഴൊക്കെ പറയുന്നത് ബാക്ക്ഫയര്‍ ചെയ്തെന്ന് ഇരിക്കും.

കഴിഞ്ഞില്ല. സ്വന്തം അജണ്ട അറിയാതെ തന്നെ ഒന്ന് പുറത്തു വന്നു. ‘ബോഡി ആർട്ട് എന്ന പേരിൽ തുണിയുരിഞ്ഞ ഫോട്ടോയിട്ട് പ്രശസ്തയാകുന്നതും തുണിയുടുക്കാതെ മത്തിക്കറിയും ബീഫ് ഉലർത്തും ബ്ലോഗുന്നതും തന്നിഷ്ടം പോലെ പാതിരാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും നടുറോഡിൽ പരസ്യമായി ഉമ്മ വെയ്ക്കുന്നതും താലി പൊട്ടിച്ചെറിയുന്നതും വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പ്രസംഗിക്കുന്നതും സ്വയംഭോഗം ചെയ്യുന്നത് പോസ്റ്റിട്ട് സമൂഹത്തിന്റെ ലൈംഗികദാരിദ്ര്യം മാറ്റുന്നതുമൊക്കെ’. വിശദീകരിച്ച് ഒന്ന് സംസാരിക്കണമെന്ന് സത്യമായിട്ടും ആഗ്രഹമുണ്ട്. പക്ഷെ അത്രയും സമയം ഈ പ്രയോഗം അര്‍ഹിക്കുന്നില്ല. എങ്കിലും ഒരു കാര്യം പറഞ്ഞോട്ടെ! രാത്രി പുറത്ത് ഇറങ്ങുന്നതും മനസ്സില്‍ ഉള്ളത് പറയുന്നതൊന്നും ആരുടെയും സ്വകാര്യ അവകാശമല്ല. ഒരോ മനുഷ്യന്റെയും അടിസ്ഥാന അവകാശങ്ങളാണ്. അത് മനസ്സിലാക്കാന്‍ കഴിയാത്തത് ഷവനിസവും കുലസ്ത്രീ തത്ര്വവും കുടിച്ചിട്ട് മത്ത്പിടിച്ചിട്ടാണ്. അതിന്‌ വേറെ ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പിന്നെ തുണി ഉടുക്കാതെ മത്തിക്കറിയും ബീഫ് ഉലര്‍ത്തിയതും ഉണ്ടാക്കുന്നതും ബ്ലോഗുന്നതും. ന്യൂഡ് കുക്കിങ്ങിനും ന്യൂഡ് വ്ലോഗ്ഗിങ്ങിനും ഒന്നും ഞങ്ങളും കീജയ് വിളിക്കുന്നില്ല. ആനിയുടെ വസ്ത്രധാരണത്തെ കുറിച്ച് ഒന്നും ഇന്നേ വരെ പറഞ്ഞിട്ട് പോലുമില്ല. ന്യൂഡ് കുക്കിങ്ങിനും വ്ലോഗിങ്ങിനുമൊക്കെ വ്യൂവേഴ്സ് കൂടുന്നതും ലൈംഗിക ദാരിദ്രം കാരണം തന്നെ ആയിരിക്കുമല്ലോ.

പിന്നെ നിങ്ങള്‍ ഒക്കെ നല്ല കുടുംബത്തില്‍ പിറന്നതാണെന്ന്.. ഞങ്ങളില്‍ മിക്കവരും ആശുപത്രിയില്‍ പിറന്നവരാണ്. ആരോഗ്യമേഖലയുടെ വളര്‍ച്ച കാരണം. പിന്നെ ഒരാളുടെ അഭിപ്രായത്തെ വിമര്‍ശിക്കാന്‍ വീട്ടുകാരെ പറയണമെന്നാണോ ‘നല്ല കുടുംബങ്ങളി’ല്‍ പഠിപ്പിച്ചു തന്നത്? അങ്ങനെ ആണെങ്കില്‍, ആ കാര്യത്തില്‍ അത്ര നല്ലത് ഒന്നും അല്ല കേട്ടോ ഞങ്ങളുടെ കുടുംബങ്ങള്‍. അതുകൊണ്ടായിരിക്കാം, ആനിയെ വിമര്‍ശിച്ചപ്പോള്‍ അവരുടെ കുടുംബത്തെ ഒരു തരത്തിലും വലിച്ച് ഇഴയ്ക്കാതിരുന്നത്.

‘കുടുംബത്തിന്റെ കാര്യങ്ങൾ വേണ്ടരീതിയിൽ നോക്കിനടത്താൻ കഴിയുന്ന സന്നദ്ധതയാണ് പെണ്ണത്തം.’എന്നത് നിങ്ങളുടെ മാത്രം അഭിപ്രായമാണ്. ഞങ്ങള്‍ക്ക് ഒരു പ്ലാന്ഡ് അജണ്ട ഉണ്ടെങ്കില്‍ അത് ഇത്തരം തത്ത്വങ്ങള്‍ക്ക് എതിരെയാണ്.

പിന്നെ അമ്മ അകാലത്തില്‍ മരിച്ചു പോയപ്പോള്‍ സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിട്ടെന്നും, ഭര്‍ത്താവിന്റെ സഹോദരീ പുത്രിയെ മകളായി വളര്‍ത്തിയെന്നും. ആനി ഒരു നല്ല വ്യക്തിയല്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ? വിമര്‍ശിച്ചത് അവരുടെ ചില ചിന്താഗതികളെയാണ്. ഐഡിയോളജികളെയാണ്. ആനി എന്ന വ്യക്തിയെ അല്ല. ഇത് ബൈനറികളില്‍ മാത്രം ചിന്തിക്കുന്നതിന്റെ പ്രശ്നമാണ്. പണ്ട് ആരോ പറഞ്ഞത് പോലെ ‘ഞാന്‍ പറയുന്നതിന് ഞാന്‍ ഉത്തരവാദിയാണ്. നിങ്ങള്‍ മനസ്സിലാക്കുന്നതിന് അല്ല.’

പിന്നെ തിരുവനന്തപുരത്ത് ഭക്ഷണശാല ‘ഒറ്റയ്ക്ക്’ നോക്കി നടത്തുന്ന കാര്യം. ആ റെസ്റ്റോറന്റിന്റെ ആരംഭം സംബന്ധിച്ച വാര്‍ത്തകള്‍ ഞങ്ങളും കണ്ടിരുന്നു. ആനിയുടെ മകന്‍ നോക്കി നടത്തുന്നു. ആനി സഹായിക്കുന്നു എന്ന് അവര്‍ തന്നെയല്ലേ പറഞ്ഞത്. അതാണോ നിങ്ങളുടെ അറിവില്‍ ഒറ്റയ്ക്ക് നോക്കി നടത്തല്‍? (സംശയമുള്ളവര്‍ക്ക് വാര്‍ത്ത തിരയാം. യുട്യൂബില്‍ ഉണ്ടാകേണ്ടതാണ്.)

പിന്നെ മാടമ്പള്ളിയിലെ മനോരോഗിയുടെ കാര്യം. പ്രാണപ്രിയനായ
രാമനാഥനെ കൊന്ന് തന്നെ സ്വന്തമാക്കാന്‍ ശ്രമിച്ച ശങ്കരന്‍ തമ്പിയെ കൊന്ന നാഗവല്ലി ഞങ്ങള്‍ക്ക് ഹീറോ ആണെടാ! ഹീറോ!

പിന്നെ അവസാനത്തെ ‘യഥാർത്ഥ സ്ത്രീയും വീട്ടമ്മയും’ എന്ന പ്രയോഗം. ആ ലേബലില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, അച്ചോ!

NB – ആനി എന്ന നടിയോടോ വ്യക്തിയോടോ ഒരു വിമര്‍ശനവും ഞങ്ങള്‍ക്ക് ഇല്ല. സ്നേഹമാണ് താനും. അവരുടെ ചില അഭിപ്രായങ്ങളെ മാത്രമാണ് ഞങ്ങള്‍ വിമര്‍ശിക്കുന്നത്.