Categories
News

മദ്യ വിതരണത്തിനായുള്ള മൊബൈല്‍ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറില്‍ സമർപ്പിച്ചു!

പ്ലേസ്റ്റോറില്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പനയ്ക്കായി സ്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പ് സമര്‍പ്പിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയും. സാങ്കേതിക തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച്ച മുതല്‍ ആപ്പ് ഉപയോഗിച്ച് മദ്യ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്നത് ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന കേന്ദ്രങ്ങളിലും ബാര്‍ കൗണ്ടറുകളിലും നിന്ന് മദ്യം വാങ്ങാനുള്ള ടോക്കനാണ്. മദ്യം വാങ്ങാനുള്ള സമയവും കൃത്യമായി ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരേ വിലയായിരിക്കും എല്ലാ ഇടത്തും രേഖപ്പെടുത്തുക. ബെവ്കോ കേന്ദ്രങ്ങളില്‍ കാര്യമായ തിരക്ക് ഇല്ലെങ്കില്‍ ബാര്‍ കൗണ്ടറുകള്‍ തുറക്കും എന്നാണ് സൂചന.

ഇന്നലെ വൈകിട്ട് വരെ 511 ബാറുകളും 222 ബിയര്‍, വൈന്‍ പാര്‍ലറുകളും വെര്‍ച്വല്‍ ക്യൂ വഴി മദ്യം വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

വിതരണം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും. രാത്രി 9 വരെ നേരത്തെ ബെവ്കോ പ്രവര്‍ത്തിച്ചിരുന്നു. ബെവ്കോ മാനേജിങ്ങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യ വിതരണത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനവും. അദ്ദേഹം തന്നെ ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും മാര്‍ഗ്ഗരേഖയും തയ്യാറാക്കും.

സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്നാണ് ബുധനാഴ്ച്ച ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന വിതരണം ശനിയാഴ്ച്ചയിലെക്ക് മാറ്റിയത്. പക്ഷെ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ലില്‍പ്പന ആരംഭിക്കാന്‍ ഒരു ദിവസമേ വൈകുന്നുള്ളു.