Categories
News

കൊറോണക്കാലത്ത് നേഴ്സ് അച്ഛനായി. ആ മാനസികസംഘര്‍ഷത്തെ കുറിച്ച് അദ്ദേഹത്തിന്റെ കുറിപ്പ് വൈറല്‍. നേഴ്സസ് ഡേ സ്പെഷല്‍!!!

ഇന്ന് വീണ്ടും നേഴ്സുകള്‍ക്ക് നമ്മള്‍ ഒരു ദിവസം മാറ്റി വെയ്ക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്ത നേഴ്സുമാരുടെ ചിത്രങ്ങള്‍ (അവര്‍ യഥാര്‍ത്ഥത്തില്‍ നേഴ്സുമാര്‍ ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. മോഡലുകളാകാം. വരച്ച കലാകാരന്റെ ഭാവനാ സൃഷ്ടിയാകാം… ആരും ആകാം.) പോസ്റ്റു ചെയ്യുന്നു. സ്റ്റാറ്റസ് ഇടുന്നു.

ഇതിന്റെ ഒക്കെ ഒപ്പം നമ്മള്‍ ഇടുന്ന ഒരു അടിക്കുറുപ്പുണ്ട്. ‘ഭൂമിയിലെ മാലാഖമാര്‍!’… ‘Angels in White!’… ഈ മാലാഖമാര്‍ക്ക് ഒന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും ദിവ്യഭോജ്യം അടുക്കളകളില്‍ എത്തുന്നില്ല. പട്ടിണിയും ബാങ്കില്‍ നിന്ന് വരുന്ന ജപ്തി നോട്ടീസും വല്ലാതെ ഇട്ടു മുറുക്കുമ്പോള്‍ ആശുപത്രിയുടെ മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്ത്, ഭരണാധികാരികളുടെയും ഒരു വലിയ ശതമാനം പൊതുജനങ്ങളുടെയും പ്രാക്കും പരിഹാസവും കേട്ടു നിന്ന് എണ്ണിചുട്ട അപ്പം പോലെ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുന്നവരാണ്.

അവരും മനുഷ്യരാണ്. അവര്‍ക്കുമുണ്ട് വിചാരങ്ങളും വികാരങ്ങളും. ഈ നേഴ്സുമാരുടെ ദിനത്തില്‍ കോവിഡ് കാലത്തെ ഒരു നേഴ്സിന്റെ ആത്മസംഘര്‍ശങ്ങളാണ് വൈറലാകുന്നത്. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’യില്‍ പ്രസിദ്ധീകൃതമായ ഈ കുറിപ്പ് എഴുതിയിരിക്കുന്നത് കോവിഡ് കാലത്ത് ഒരു കുഞ്ഞിന്റെ അച്ഛനായ ഒരു പുരുഷ നേഴ്സാണ്. അച്ഛന്‍ എന്നതും നേഴ്സ് എന്നതുമൊയ കര്‍ത്തവ്യങ്ങള്‍ മനസ്സില്‍ ഒരു വടംവലി നടത്തിയപ്പോള്‍ അയാള്‍ ആര്‍ക്കാണ് കീഴ്പ്പെട്ടത്? അതാണ് ഈ കുറിപ്പ്.

നേഴ്സിന്റെ കുറിപ്പ് ഇങ്ങനെ : ‘നോയിഡയിലെ ശാര്‍ദ ഹോസ്പിറ്റലില്‍ എന്നെ നേഴ്സായി നിയമിക്കുമ്പോള്‍ എന്റെ ഭാര്യ 9 മാസം ഗര്‍ഭിണിയായിരുന്നു. ബോധോര എന്ന ഒരു ചെറിയ ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ മകനാണ് ഞാന്‍. ഞാന്‍ ചെറിയ ജോലികള്‍ ചെയ്തും പണം കടം വാങ്ങി ഒക്കെയാണ് ഫീസടച്ച് ഒരു നേഴ്സിങ്ങ് ഡിഗ്രി നേടിയത്‌. അതുകൊണ്ട് അവളെ ആ സാഹചര്യത്തില്‍ വിട്ടിട്ട് പോകുന്നത് എനിക്ക് മരണതുല്യം ആയിരുന്നെങ്കിലും എനിക്ക് വേറെ നിവര്‍ത്തി ഇല്ലായിരുന്നു. നമുക്ക് പണം ആവശ്യമാണ് ; പക്ഷെ അത് എന്റെ കര്‍ത്തവ്യം കൂടിയാണ്.

പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ കൊറോണയാണോ എന്ന് സംശയമുള്ള ഒരു രോഗിയ്ക്ക് ഇന്‍ജെക്ഷന്‍ കൊടുക്കുമ്പോള്‍ അവള്‍ക്ക് പെയിന്‍ തുടങ്ങി എന്ന് പറഞ്ഞ് എനിക്ക് ഒരു മെയില്‍ വന്നു. ഞാന്‍ അവരോട് ‘പേടിക്കണ്ട. ആശുപത്രിയിലേക്ക് കൊണ്ടുപോകൂ.’ എന്ന് പറഞ്ഞു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ വിളിച്ച് ആ സന്തോഷ വാര്‍ത്ത അറിയിച്ചു. ഞാന്‍ ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാണ്! ഞാനും ഭാര്യയും കരയുകയായിരുന്നു. കുഞ്ഞിന്റെ ഒരു ഫോട്ടൊ ഭാര്യ എനിക്ക് അയച്ചു. വീട്ടിലേക്ക് അവളെ വാരിയെടുക്കാന്‍ എന്റെ മനസ്സ് കൊതിച്ചു. പക്ഷെ അത് എന്റെ ജോലിയെ തടസ്സപ്പെടുത്താന്‍ എനിക്ക് അനുവദിക്കാന്‍ കഴിയില്ലായിരുന്നു. അത്കൊണ്ട് ആ മനസ്സിന്റെ വാഞ്ചയെ അകറ്റി നിര്‍ത്തി ഞാന്‍ എന്റെ ‘കര്‍ത്തവ്യത്തി’ലേക്ക് തിരിഞ്ഞു. ഞാന്‍ എല്ലാസമയത്തും ഡ്യൂട്ടിയ്ക്ക് സജ്ജമാണ്. ഈ കഴിഞ്ഞ മാസങ്ങളില്‍ വളരെ വേദനാജനകമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന നിരവധി ആള്‍ക്കാരെ ഞാന്‍ കണ്ടുമുട്ടി.

കുറച്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് ഒരു ഗ്രാമത്തില്‍ നിന്ന് വന്ന ഒരു കുടുംബം ഇവിടെ അഡ്മിറ്റായി. മദ്ധ്യവയസ്കനായ കുടുംബത്തിലെ അച്ഛന്‍ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നു. അയാള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും 2 ആഴ്ച്ച ക്രാറന്റൈനിലായി. ഇവരുടെ വാര്‍ഡുകള്‍ കയറി ഇറങ്ങി പരിചരിക്കുകയായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തെകുറിച്ച് അവര്‍ എപ്പോഴും ചോദിക്കുമായിരുന്നു. അവരുടെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാകുമായിരുന്നു. ഞാന്‍ അവരെ ആശ്വസിപ്പിച്ചു ; പ്രതീക്ഷകള്‍ കൈവിടരുതെന്ന് പറഞ്ഞു. ദൈവം സഹായിച്ച്, അയാളുടെ സ്ഥിതി മെച്ചപ്പെട്ടു.

ഇന്നുവരെ, ഞാന്‍ പരിചരിച്ച രോഗികളൊക്കെ രോഗത്തെ പരാജയപ്പെടുത്തി. അവര്‍ തിരികെ ഭവനങ്ങളിലേക്ക് പോകുന്നതാണ് ഞാന്‍ കാണുന്ന ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ – അവര്‍ പുഞ്ചിരിക്കും ; ഞങ്ങളോട് നന്ദി പറയും ; ചിലപ്പോള്‍ കരഞ്ഞു പോകും. നമ്മുടെ രോഗികളാണ് യഥാര്‍ത്ഥ പോരാളികള്‍. എങ്കിലും അവര്‍ ഞങ്ങളുടെ വേദന മനസ്സിലാക്കുന്നു.

നമ്മള്‍ കുറച്ച് നാളുകളായി കോവിഡ് 19 വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രോട്ടോക്കോള്‍ പ്രകാരം, ഞങ്ങള്‍ക്ക് ടെസ്റ്റിന് വിധേയരാകേണ്ടതായി വന്നു. ഞാന്‍ ഇപ്പോള്‍ ഐസൊലേഷനിന്റെ പതിനൊന്നാം ദിവസത്തിലാണ്. ഭാഗ്യത്തിന് എനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്റെ ഭാര്യയ്ക്ക് നല്ല പേടിയുണ്ട്. പക്ഷെ മകളുടെ വീഡിയോകള്‍ അയച്ചുകൊണ്ട് അവള്‍ എനിക്ക് ധൈര്യം പകരുന്നു. പലപ്പോഴും അവള്‍ പപ്പയെ വീഡിയോയിലൂടെ കണ്ട് കരച്ചില്‍ നിര്‍ത്തുന്നു.

എങ്കിലും എന്നും പൊരുതുന്ന ഡോക്ടര്‍മാരെയും നേഴ്സുകളെയും ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എന്റെ രോഗികളെ പോലെ എനിക്കും എന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോകാന്‍ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്കും പോകാം.. എന്റെ കുടുംബത്തിലേക്ക്… അവളെ എനിക്ക് എടുത്ത് ലാളിക്കാം… അവള്‍ ആദ്യമായി ഒരു വാക്ക് ഉച്ചരിക്കുമ്പോഴും ആദ്യ ചുവട് വെക്കുമ്പോഴും എനിക്ക് അരികെ ഇരുന്ന് ആസ്വദിക്കാം…’